Sunday, December 31, 2006

പുതുവത്സരാശംസകള്‍!!!


പൊയ്പോയ സ്മൃതി തന്‍ നേര്‍ത്ത നൊമ്പരപാടുമായി ...

പ്രതീക്ഷകള്‍ തന്‍ പൊന്‍ കിരണങ്ങളുമായി...

ആമോദത്തിന്‍ അലകളുമായി..

ആവേശ തിമര്‍പ്പിന്‍ ആരവങ്ങളാല്‍...

ആര്‍പ്പുവിളികളോടെ എതിരേല്‍ക്കാം..പുതുവര്‍ഷ പുലരിയെ...

എന്റെ എല്ലാ ബൂലോഗ കൂട്ടുകാര്‍ക്കും സന്തോഷവും, ഈശ്വാരാനുഗ്രഹവും,ആരോഗ്യവും, സമ്പല്‍സമൃദിയും നിറഞ്ഞ പുതുവത്സരാശംസകള്‍...

Friday, December 22, 2006

പെയ്തൊഴിയാതെ....

കാത്തിരിക്കുന്നു ഞാന്‍ കാതങ്ങള്‍ക്കപ്പുറം...
കാര്‍മുകില്‍വര്‍ണന്റെ രാധ....
ഓടക്കുഴല്‍വിളി കേള്‍ക്കുമ്പോഴെല്ലാം...
ഓടിയെത്താറുണ്ടിന്നും...ഞാന്‍..
ഓടിയെത്താറുണ്ടിന്നും...

നീലകടമ്പിന്‍ തണലിലിരുന്നു ഞാന്‍....
സ്വപ്നാംഗിതയായി..മയങ്ങിടുമ്പോള്‍
എന്തിന്‌ കണ്ണാ..വിളിച്ചുണര്‍ത്തി നീ...
വിട ചൊല്ലിയകലുവാനായിരുന്നോ...

കാലൊച്ച കേള്‍ക്കാനായി കാതോര്‍ത്തിരുന്നപ്പോള്‍...
നിശബ്ദനായി വന്നു നീ...ഒളിച്ചു നിന്നു...
ആശ്രയമറ്റു ഞാന്‍ തേടിയലഞ്ഞപ്പോള്‍...
വികൃതിയായി നീയെങ്ങോ പോയ്മറഞ്ഞു...

വിരഹാഗ്നിജ്വാലയില്‍ വെന്തുരുകുമ്പോഴും
സ്വപ്നമായ്‌ ചാരെ വരാഞ്ഞതെന്തെ...
നൊമ്പരപൊയ്കയില്‍ നീന്തി നിവര്‍ന്നപ്പോള്‍..
നിസംഗനായി നീ നിന്നതെന്തേ...

ആഗ്രഹതോണിയിലേറി ഞാന്‍ വന്നപ്പോള്‍‍ ‍
ചോരനെ പോലെ നീ പോയതെന്തെ...
കാത്തിരിക്കുന്നു ഞാന്‍ കാതങ്ങള്‍ക്കപ്പുറം....
കാര്‍മുകില്‍വര്‍ണന്റെ രാധ...
ഓടക്കുഴല്‍വിളി കേള്‍ക്കുമ്പോഴെല്ലാം...
ഓടിയെത്താറുണ്ടിന്നും...ഞാന്‍
ഓടിയെത്താറുണ്ടിന്നും.......

Tuesday, December 05, 2006

മയില്‍പീലിയുടെ സന്താന ഭാഗ്യം

അഞ്ചാം ക്ലാസ്സില്‍ പഠിക്കുംബോഴായിരുന്നു എന്റെ ആദ്യാനുരാഗം!കഥാപാത്രം നമ്മുടെ മയില്‍പീലി തന്നെ.മാനം കാണിക്കാതെ ഒളിച്ചുവച്ചാല്‍ മയില്‍പീലി ഒത്തിരി പീലിവാവകളെ തരുമെന്നു ആരോ പറഞ്ഞതു മനസ്സിലുണ്ടായിരുന്നു. അങ്ങനെ എന്റെ ഈ ആദ്യാനുരാഗത്തെ മാനം കാണിക്കാതെയും, മാലോകര്‍ കാണാതെയും, ഞാന്‍ ഒരു നോട്ടുബുക്കിനുള്ളിലാക്കി സുക്ഷിച്ചു വച്ചു. മാനം കാണിക്കാതെ ഒളിച്ചു വച്ചെങ്കിലും, എന്റെ മയില്‍പീലിയെ എനിക്കുകാണാതിരിക്കാന്‍ വയ്യ.ഇരിക്കാനും കിടക്കാനും കഴിയാതെ, ഊതിവീര്‍ത്ത്‌ ബലൂണ്‍ കണക്കെ പൊട്ടുമെന്ന ഒരു അവസ്ഥയിലായപ്പോള്‍ ആരും കാണാതെ മുറിയില്‍ കയറി,ജനാലയും വാതിലും ഒക്കെ ഭദ്രമായി അടച്ചു, പുസ്തകതാളില്‍ ഒളിച്ചിരിക്കുന്ന മയില്‍പീലിയെ ഞാന്‍ കണ്‍ കുളിര്‍ക്കെ കണ്ടു..ഇന്നല്ലെങ്കില്‍ നാളെ എന്റെ പ്രതീക്ഷകള്‍ പൂവണിയുന്നതും സ്വപ്നം കണ്ട് ഇടയ്കിടയ്കു എന്റെ ഈ പരിശോധന തുടര്‍ന്നു കൊണ്ടേ ഇരുന്നു... ഒന്നല്ല,പത്തല്ല,നൂറു ദിവസം കഴിഞ്ഞാലും എനിക്കു "ത്രണം,പുല്ലു, ഗ്രാസ്സാ"..എന്ന മട്ടില്‍ എന്റെ മയില്‍പീലിയും!
ഇതിനിടയ്കു മുറിയടച്ചു ഇവള്‍ക്കെന്താണൊരു ചുറ്റിക്കളി?!എങ്കില്‍ പിന്നെ അതു കണ്ടുപ്പിടിച്ചിട്ടു തന്നെ ബാക്കി കാര്യം എന്നുറപ്പിച്ചു എന്റെ "സി ബി ഐ" സഹോദരന്മാര്‍ പാത്തും പതുങ്ങിയും എന്റെ പിറകെ കൂടി.ഞാന്‍ കൂടുതല്‍ ജാഗരൂപയായി..ഈ രഹസ്യം അവരെങ്ങാന്‍ അറിഞ്ഞാല്‍ എന്റെ മയില്‍പീലി മാനം മാത്രമല്ല "മാറാടു" വരെ കണ്ടു വന്നേയ്കും!
അങ്ങനെ മാസങ്ങള്‍ കടന്നുപോയി, പീലികുട്ടികള്‍ എന്നതു എന്റെ "ഒരിക്കലും നടക്കാത്ത സുന്ദരമായ ഒരു സ്വപ്നം" ആയി തന്നെ നിലകൊണ്ടു.എന്റെ പീലിയെ ആരെങ്കിലും മാനം കാണിച്ചിട്ടുണ്ടാവും എന്നു ചിന്തയില്‍, ചില സമയങ്ങളില്‍ ഞാന്‍ വല്ലാതെ VIOLENT ആയി,അങ്ങനെ ആശ നശിച്ചു നിരാശയില്‍ ഇരിക്കുന്ന ഒരു ദിവസം, പുസ്തകങ്ങള്‍ ഒതുക്കുന്നതിനിടയ്കു യാദ്ര് ശ്ചികമായാണു ഞാന്‍ അതു കണ്ടതു "എന്റെ മയില്‍പീലി ഇരട്ടകുട്ടികളുടെ അമ്മയായിരിക്കുന്നു". "രണ്ടു കുഞ്ഞു പീലികുട്ടികള്‍". ഞാന്‍ സന്തോഷംകൊണ്ടു തുള്ളിച്ചാടി.ഒറ്റയടിക്കു ട്വിന്‍സിനെയാണല്ലൊ എന്റെ പീലി എനിക്കു തന്നതു ഈശ്വരാ.. ലോകം മുഴുവന്‍ വിളിച്ചു കൂവാനുള്ള തത്രപാടിലായി..പക്ഷെ വീട്ടിലുള്ളവര്‍ക്കു മാത്രം പ്രത്യേകിച്ചു എന്റെ "സി ബി ഐ" സഹോദരങ്ങള്‍ക്കു വലിയ അശ്ചര്യമോ,സന്തോഷമോ ഒന്നും കണ്ടില്ല.എന്റെ തോന്നലാവുമെന്നു ഞാന്‍ ആശ്വസിച്ചു..“ചക്കയാണെങ്കില്‍ ചൂഴ്‌ന്നു നോക്കാം,പക്ഷെ ചേട്ടന്‍മാരെ ചൂലാന്‍ പറ്റില്ലല്ലൊ”!
പിന്നീടു സ്കൂളിലെ ഏതു മയില്‍പീലി ചര്‍ച്ചയിലും ഞാന്‍ വീറോടെ തന്നെ വാദിച്ചു,"മാനം കാണിക്കാതെ ഒളിച്ചു വച്ചാല്‍ ഏതു മയില്‍പീലിയും പ്രസവിക്കുമെന്നു"..വര്‍ഷങ്ങള്‍ കഴിഞ്ഞു ബയോളജി പ്രധാന വിഷയമായി എടുത്തു പഠിക്കുംബോഴും മയില്‍പീലിയുടെ സന്താനഭാഗ്യം ഉത്തരം കിട്ടാത്ത ഒരു സമസ്യ ആയി തന്നെ നിലകൊണ്ടു.അങ്ങനെ എന്റെ സി ബി ഐ സഹോദരന്മാര്‍ നല്ല decent ഉണ്ണികളായി വളര്‍ന്നു പന്തലിച്ചങ്ങനെ നില്‍ക്കുംബോഴാണ് ആ രഹസ്യത്തിന്റെ ചുരുളുകള്‍ അഴിയുന്നത്‌.അത്രയും കാലം ഞാന്‍ അരക്കിട്ടുറപ്പിച്ചിരുന്ന എന്റെ വിശ്വാസങ്ങള്‍ ദേ...ധിം തരികടതോം...
"മൂത്ത ചേട്ടന്‍ അനിയത്തികുട്ടിടെ സങ്കടം കണ്ടു സഹിക്ക വയ്യാതെ, സന്താന ഭാഗ്യമില്ലാത്ത എന്റെ മയില്‍പീലിക്കു രണ്ടു പീലി ഉണ്ണികളെ adopt ചെയ്തു സമ്മാനിച്ച്, പ്രശ്ന പരിഹാരം കണ്ടെത്തിയതായിരുന്നു എന്നു".!!!

പിന്നീടു എപ്പോഴൊ...ജീവിതത്തിന്റെ താളുകള്‍ മറഞ്ഞുപൊവുന്നതിനിടയില്‍,മനസ്സിന്റെ മണിചെപ്പില്‍ മാനം കാണിക്കാതെ "ഒരു മയില്‍പീലിതുണ്ടു" ഞാന്‍ ഒളിച്ചു വച്ചു. വസന്തവും,ശിശിരവും, വേനലും,വര്‍ഷവും വന്നുപൊയപ്പോഴും, എന്റെ സ്വപ്നങ്ങളും, മോഹങ്ങളുംകൊടുത്തു ഞാന്‍ കാവലിരുന്നു....
എന്തിനെന്നറിയാതെ...കാലങ്ങള്‍ പോവുന്നതറിയാതെ...ഇന്നും ഞാന്‍ കാത്തിരിക്കുന്നു.....