Tuesday, December 05, 2006

മയില്‍പീലിയുടെ സന്താന ഭാഗ്യം

അഞ്ചാം ക്ലാസ്സില്‍ പഠിക്കുംബോഴായിരുന്നു എന്റെ ആദ്യാനുരാഗം!കഥാപാത്രം നമ്മുടെ മയില്‍പീലി തന്നെ.മാനം കാണിക്കാതെ ഒളിച്ചുവച്ചാല്‍ മയില്‍പീലി ഒത്തിരി പീലിവാവകളെ തരുമെന്നു ആരോ പറഞ്ഞതു മനസ്സിലുണ്ടായിരുന്നു. അങ്ങനെ എന്റെ ഈ ആദ്യാനുരാഗത്തെ മാനം കാണിക്കാതെയും, മാലോകര്‍ കാണാതെയും, ഞാന്‍ ഒരു നോട്ടുബുക്കിനുള്ളിലാക്കി സുക്ഷിച്ചു വച്ചു. മാനം കാണിക്കാതെ ഒളിച്ചു വച്ചെങ്കിലും, എന്റെ മയില്‍പീലിയെ എനിക്കുകാണാതിരിക്കാന്‍ വയ്യ.ഇരിക്കാനും കിടക്കാനും കഴിയാതെ, ഊതിവീര്‍ത്ത്‌ ബലൂണ്‍ കണക്കെ പൊട്ടുമെന്ന ഒരു അവസ്ഥയിലായപ്പോള്‍ ആരും കാണാതെ മുറിയില്‍ കയറി,ജനാലയും വാതിലും ഒക്കെ ഭദ്രമായി അടച്ചു, പുസ്തകതാളില്‍ ഒളിച്ചിരിക്കുന്ന മയില്‍പീലിയെ ഞാന്‍ കണ്‍ കുളിര്‍ക്കെ കണ്ടു..ഇന്നല്ലെങ്കില്‍ നാളെ എന്റെ പ്രതീക്ഷകള്‍ പൂവണിയുന്നതും സ്വപ്നം കണ്ട് ഇടയ്കിടയ്കു എന്റെ ഈ പരിശോധന തുടര്‍ന്നു കൊണ്ടേ ഇരുന്നു... ഒന്നല്ല,പത്തല്ല,നൂറു ദിവസം കഴിഞ്ഞാലും എനിക്കു "ത്രണം,പുല്ലു, ഗ്രാസ്സാ"..എന്ന മട്ടില്‍ എന്റെ മയില്‍പീലിയും!
ഇതിനിടയ്കു മുറിയടച്ചു ഇവള്‍ക്കെന്താണൊരു ചുറ്റിക്കളി?!എങ്കില്‍ പിന്നെ അതു കണ്ടുപ്പിടിച്ചിട്ടു തന്നെ ബാക്കി കാര്യം എന്നുറപ്പിച്ചു എന്റെ "സി ബി ഐ" സഹോദരന്മാര്‍ പാത്തും പതുങ്ങിയും എന്റെ പിറകെ കൂടി.ഞാന്‍ കൂടുതല്‍ ജാഗരൂപയായി..ഈ രഹസ്യം അവരെങ്ങാന്‍ അറിഞ്ഞാല്‍ എന്റെ മയില്‍പീലി മാനം മാത്രമല്ല "മാറാടു" വരെ കണ്ടു വന്നേയ്കും!
അങ്ങനെ മാസങ്ങള്‍ കടന്നുപോയി, പീലികുട്ടികള്‍ എന്നതു എന്റെ "ഒരിക്കലും നടക്കാത്ത സുന്ദരമായ ഒരു സ്വപ്നം" ആയി തന്നെ നിലകൊണ്ടു.എന്റെ പീലിയെ ആരെങ്കിലും മാനം കാണിച്ചിട്ടുണ്ടാവും എന്നു ചിന്തയില്‍, ചില സമയങ്ങളില്‍ ഞാന്‍ വല്ലാതെ VIOLENT ആയി,അങ്ങനെ ആശ നശിച്ചു നിരാശയില്‍ ഇരിക്കുന്ന ഒരു ദിവസം, പുസ്തകങ്ങള്‍ ഒതുക്കുന്നതിനിടയ്കു യാദ്ര് ശ്ചികമായാണു ഞാന്‍ അതു കണ്ടതു "എന്റെ മയില്‍പീലി ഇരട്ടകുട്ടികളുടെ അമ്മയായിരിക്കുന്നു". "രണ്ടു കുഞ്ഞു പീലികുട്ടികള്‍". ഞാന്‍ സന്തോഷംകൊണ്ടു തുള്ളിച്ചാടി.ഒറ്റയടിക്കു ട്വിന്‍സിനെയാണല്ലൊ എന്റെ പീലി എനിക്കു തന്നതു ഈശ്വരാ.. ലോകം മുഴുവന്‍ വിളിച്ചു കൂവാനുള്ള തത്രപാടിലായി..പക്ഷെ വീട്ടിലുള്ളവര്‍ക്കു മാത്രം പ്രത്യേകിച്ചു എന്റെ "സി ബി ഐ" സഹോദരങ്ങള്‍ക്കു വലിയ അശ്ചര്യമോ,സന്തോഷമോ ഒന്നും കണ്ടില്ല.എന്റെ തോന്നലാവുമെന്നു ഞാന്‍ ആശ്വസിച്ചു..“ചക്കയാണെങ്കില്‍ ചൂഴ്‌ന്നു നോക്കാം,പക്ഷെ ചേട്ടന്‍മാരെ ചൂലാന്‍ പറ്റില്ലല്ലൊ”!
പിന്നീടു സ്കൂളിലെ ഏതു മയില്‍പീലി ചര്‍ച്ചയിലും ഞാന്‍ വീറോടെ തന്നെ വാദിച്ചു,"മാനം കാണിക്കാതെ ഒളിച്ചു വച്ചാല്‍ ഏതു മയില്‍പീലിയും പ്രസവിക്കുമെന്നു"..വര്‍ഷങ്ങള്‍ കഴിഞ്ഞു ബയോളജി പ്രധാന വിഷയമായി എടുത്തു പഠിക്കുംബോഴും മയില്‍പീലിയുടെ സന്താനഭാഗ്യം ഉത്തരം കിട്ടാത്ത ഒരു സമസ്യ ആയി തന്നെ നിലകൊണ്ടു.അങ്ങനെ എന്റെ സി ബി ഐ സഹോദരന്മാര്‍ നല്ല decent ഉണ്ണികളായി വളര്‍ന്നു പന്തലിച്ചങ്ങനെ നില്‍ക്കുംബോഴാണ് ആ രഹസ്യത്തിന്റെ ചുരുളുകള്‍ അഴിയുന്നത്‌.അത്രയും കാലം ഞാന്‍ അരക്കിട്ടുറപ്പിച്ചിരുന്ന എന്റെ വിശ്വാസങ്ങള്‍ ദേ...ധിം തരികടതോം...
"മൂത്ത ചേട്ടന്‍ അനിയത്തികുട്ടിടെ സങ്കടം കണ്ടു സഹിക്ക വയ്യാതെ, സന്താന ഭാഗ്യമില്ലാത്ത എന്റെ മയില്‍പീലിക്കു രണ്ടു പീലി ഉണ്ണികളെ adopt ചെയ്തു സമ്മാനിച്ച്, പ്രശ്ന പരിഹാരം കണ്ടെത്തിയതായിരുന്നു എന്നു".!!!

പിന്നീടു എപ്പോഴൊ...ജീവിതത്തിന്റെ താളുകള്‍ മറഞ്ഞുപൊവുന്നതിനിടയില്‍,മനസ്സിന്റെ മണിചെപ്പില്‍ മാനം കാണിക്കാതെ "ഒരു മയില്‍പീലിതുണ്ടു" ഞാന്‍ ഒളിച്ചു വച്ചു. വസന്തവും,ശിശിരവും, വേനലും,വര്‍ഷവും വന്നുപൊയപ്പോഴും, എന്റെ സ്വപ്നങ്ങളും, മോഹങ്ങളുംകൊടുത്തു ഞാന്‍ കാവലിരുന്നു....
എന്തിനെന്നറിയാതെ...കാലങ്ങള്‍ പോവുന്നതറിയാതെ...ഇന്നും ഞാന്‍ കാത്തിരിക്കുന്നു.....

30 Comments:

Blogger Sona said...

ബാല്യത്തിലേക്കൊരു എത്തിനോട്ടം

December 06, 2006 1:21 AM  
Blogger Sul | സുല്‍ said...

സോനാ ഇതു ഒരു നല്ല കുറിപ്പ്.
എത്ര സ്നേഹമുള്ള സഹോദരന്‍. ഇവനെയാണൊ സി ബി ഐ എന്നും ചൂഴ്ന്നു നോക്കണമെന്നും പറഞ്ഞത്.

തേങ്ങ എന്റെ വക. ‘ഠേ.........’

-സുല്‍

December 06, 2006 1:30 AM  
Blogger പയ്യന്‍‌ said...

സുല്‍ തേങ്ങയടിച്ച ശബ്ദം കേട്ട് വന്നതാണ്.
ഇഷ്ടപ്പെട്ടു

December 06, 2006 3:30 AM  
Blogger സു | Su said...

സോനാ :) ഓരോ മയില്‍പ്പീലിയും പെരുകട്ടെ. മനസ്സില്‍ സന്തോഷം വിരിയട്ടെ.

ഞാന്‍ സുല്ല് തേങ്ങയടിച്ചാ അപ്പോ എത്തും. തേങ്ങയ്ക്കൊക്കെ ഇപ്പോ എന്താ വില ! ഇവിടെ ഫ്രീ ആയിട്ട് എടുക്കാമല്ലോ. ;)

December 06, 2006 4:04 AM  
Blogger വിശാല മനസ്കന്‍ said...

വയലന്റായത് വല്ലാതെ ഇഷ്ടപ്പെട്ടു. മയില്പീലി ട്വിന്‍സിനെ കിട്ടിയപ്പോഴുണ്ടായ സന്തോഷം ശരിക്കും ഫീല്‍ ചെയ്തു.

നല്ല പോസ്റ്റായിട്ടുണ്, ടെലിഫോണ്‍ മണീപോല്‍ ചിരിപ്പവളേ!

:)

December 06, 2006 4:24 AM  
Blogger പാര്‍വതി said...

അവസാനത്തെ പച്ച ബോള്‍ഡ് അക്ഷരങ്ങള്‍ വേണ്ടിയിരുന്നില്ല, മാനം കാണാത്ത മയില്‍ പീലികള്‍ പേറില്ലെന്ന തിരിച്ചറിവില്‍ നഷ്ടപെടുന്നത് ബാല്യത്തിന്റെ നിഷ്കലങ്കതയും കൂടിയാണ്,കൂടെ ചിറിയ ലോകത്തിലെ രാജകുമാരന്‍ രാജകുമാരി പദവിയും..

-പാര്‍വതി.

December 06, 2006 4:46 AM  
Blogger ജ്യോതിര്‍മയി said...

സോനാ,

ഇതെന്റെകൂടി അനുഭവമാണല്ലോ. സത്യം, ആദ്യം മുതല്‍ അവസാനം വരെ...
നല്ല എഴുത്ത്‌. വൈകി ഇവിടെയെത്താന്‍:-)

December 06, 2006 5:09 AM  
Blogger yuvacharya said...

സോണാ ഒരുപാടായോ…………ജീവചരിത്രമായോ ……

എന്തായാലും .. നന്നായിരിക്കുന്നു…….?

“എങ്കിലും "സോണാ"

എഴുതുബോള്‍ അളന്നുമുറിച്ചു എഴുതാന്‍ ശ്രെമിക്കണം

December 06, 2006 6:27 AM  
Blogger വല്യമ്മായി said...

കൊള്ളാം ഇനിയും പുറത്തെടുക്കൂ പീലിതുണ്ടുകളും വളപ്പൊട്ടുകളും

December 06, 2006 7:59 AM  
Blogger Sona said...

സുല്‍ പറഞത് സത്യമാ..സ്നേഹനിധികളായ രണ്ടു സഹോദരരന്മാരെ തന്നെയാ സഹോദരിമാരില്ലാന്നു കരഞൊണ്ടിരിക്കുന്ന എനിക്കു ദൈവം തന്നത്.പക്ഷെ ഇപ്പോഴും കുസ്രുതിയുടെ കാര്യത്തില്‍ ഒരു മാറ്റവും വന്നിട്ടില്ലട്ടോ..

തേങ്ങയടിച്ച ശബദം കേട്ട് വന്ന് പയ്യനും എന്റെ ശുക്രിയ..

സുചേച്ചി..നന്ദി

വിശാലമനസ്കനും നന്ദി.ടെലിഫോണ്‍ മണി adjust ചെയ്യാം.കലാഭവന്‍ മണിയെപ്പോലെ എന്നു പറഞ്ഞിരുന്നെങ്ങില്‍!!!
പാര്‍വതി..എനിക്കും ഇപ്പൊള്‍ അങ്ങനെ തോന്നുന്നു..ബോള്‍ട് ചെയ്യണ്ടായിരുന്നു എന്ന്..

ജ്യൊതിര്‍മയീ..ഇതു സ്വന്തം അനുഭവംകൂടെ ആയിതോന്നി എന്നു പറഞതില്‍ ഒരുപാടു സന്തോഷം ഉണ്ട്.

വല്യമ്മായി..thanx

December 06, 2006 11:48 PM  
Blogger Sona said...

യുവാചാര്യാ..മോനെ ദിനേശാ....@**@#** @@*** മനസ്സിലായല്ലോ..നമ്മള്‍ തമ്മില്‍ no arguments..മൌനം വാചാലം.

December 06, 2006 11:55 PM  
Anonymous Anonymous said...

സോണ മയില്‍പീലി പോലെ നിര്‍മലമായ ഒരു ബാല്യാനുഭവം. മോഹവും സ്വപ്നങ്ങളുമെല്ലാം കൊടുത്ത് മനസ്സിന്റെ മണിച്ചെപ്പില്‍ മാനം കാണിക്കാതെ കാത്തുവെയ്ക്കുന്ന മയില്പീലിക്കുവേണ്ടിയുള്ള ഈ കാത്തിരിപ്പ് തന്നെയല്ലേ യഥാര്‍ത്ഥത്തില്‍ നമ്മുടെയൊക്കെ കാലത്തെ നിര്‍മ്മിക്കുന്നത്.

സുനില്‍ സലം
http://www.realletters.blogspot.com

December 07, 2006 2:57 AM  
Blogger Inji Pennu said...

എന്റെ സോനക്കുട്ട്യേ,
ഞാന്‍ റ്റൊമാറ്റോന്റെ തൊലി,വെള്ളരിക്കേന്റെ തൊലി, ഓറഞ്ചു ജ്യൂസ് ഇറ്റി ഇറ്റി ഇതൊക്കെ കൊടുത്തിട്ടുണ്ട് മയില്‍പ്പീലിക്ക്.
ഇതൊക്കെ നല്ലതാന്ന് പിള്ളെര് പറഞ്ഞിട്ട്. എന്നിട്ട് അപ്പന്റെ ലൈബ്രറിയിലെ ഏറ്റവും കട്ടിയുള്ള ഒരു പുസ്തകത്തിലാ വെച്ചെ. എന്നിട്ട് ഈ പരിപാടി മൊത്തം ചെയ്തു ബുക്ക് ചീത്തയാക്കിയതിന് എനിക്ക് കിട്ടിയ പിച്ച്. അതെന്തോ വല്ല്യ ബുക്കായിരുന്നു എന്നൊക്കെ നമക്ക് അറിയോ..ഹൊ! നല്ല തൊലിപ്പുറത്ത് കിട്ടിയ ആ നുള്ളു..

December 08, 2006 11:47 AM  
Blogger Sona said...

ശരിയാ സുനില്‍..സ്വപ്നങ്ങളും പേറി,നാളെയെ കുറിച്ചുള്ള പ്രദീക്ഷകളിലൂടെയുള്ള സഞ്ചാരം,വിരസതയില്ലാത്ത കാത്തിരിപ്പ് ഇതൊക്കെ തന്നെയല്ലെ ജീവിതം...

December 10, 2006 7:16 AM  
Blogger Sona said...

ഇഞ്ചിപെണ്ണിന്റെ ഈ റ്റുമാറ്റോ,കുകുംബര്‍,ഓറഞ്ച് ട്രീറ്റ്മെന്റ് എന്തിനായിരുന്നു എന്ന് എത്ര തലപുകച്ചിട്ടും എനിക്കു മനസ്സിലായില്ല..പിലിക്കു ഫേഷ്യല്‍ ചെയ്തതാണോ?! പക്ഷെ പിച്ചുകൊണ്ടുന്നു കേട്ടപ്പോള്‍ എനിക്കു സങ്കടായിട്ടോ..

December 10, 2006 7:25 AM  
Blogger Inji Pennu said...

ഹഹ..അല്ല.ആ വക സാധനങ്ങളൊക്കെ കൊടുത്തല്‍ പീലി നെറയേ പ്രസവിക്കുമെന്ന് വിവരമില്ലാത്ത എന്റെ കൂട്ടുകാര്‍ പറഞ്ഞു. അപ്പൊ പ്രസവരക്ഷ നല്‍കിയതാ... :)

December 10, 2006 7:33 AM  
Blogger Sona said...

അതെനിക്കിഷ്ടായി..നല്ല കൂട്ടുകാര്‍!!!ഹ ഹ ഹ...

December 10, 2006 9:14 PM  
Blogger ചന്തു said...

കൊള്ളാം സോനാ.നന്നായി എഴുതി.ഈശ്വരന്‍ എത്ര നല്ല ചിത്രകാരനാണെന്ന് ഒരു മയില്‍പ്പീലിയിലേയ്ക്ക് നോക്കിയാല്‍ മനസ്സിലാകും.

December 11, 2006 8:44 AM  
Blogger draupathivarma said...

സോനൂ....
ഒരുപാടിഷ്ടമായി....
കുസൃതികളായ ഏട്ടന്മാരെയും....

മയില്‍പീലി...
സൗഹൃദത്തിന്റെ പ്രതീകമാണെന്നും...
നിയെന്റെ മയില്‍പീലിയാണെന്നും
ഓട്ടോഗ്രാഫിന്റെ അവസാനതാളില്‍...
കുറിച്ച്‌ വെച്ച്‌ ഒരു കൂട്ടുകാരന്‍ നടന്നു മറഞ്ഞത്‌ ഞാനോര്‍ക്കുന്നു....

വീണ്ടും കണ്ടുമുട്ടിയപ്പോള്‍..
അവന്‍ പറഞ്ഞു...
മയില്‍പീലി പ്രണയത്തിന്റെ പ്രതീകമാണെന്ന്‌...

ഞാന്‍ പറഞ്ഞു....
മയില്‍പീലിക്ക്‌ പ്രതീകങ്ങളില്ലെന്നും...
വളച്ചുകെട്ടി കാര്യങ്ങള്‍ പറയുന്നവരുടെ
പ്രതീകങ്ങളായി മയില്‍പീലി
അധപതിച്ചു തുടങ്ങിയെന്നും....

പക്ഷേ...
ഇതൊന്നുമായിരുന്നില്ല മയില്‍പീലിയെന്ന്‌...
വീണ്ടും കാണേണ്ടി വരികയാണെങ്കില്‍ ഞാന്‍ തന്നെ പറയുമെന്ന്‌
പറഞ്ഞ്‌ അവന്‍ നടന്നു മറഞ്ഞു.....

പിന്നീട്‌... കാലം...
വീണ്ടും കാണിച്ചുതന്നപ്പോള്‍...
അവന്‍ ഉറങ്ങുകയായിരുന്നു....
കടുത്ത ചൂടിലും
പുതപ്പൊക്കെ പുതച്ച്‌...ചന്ദനത്തിരിയുടെ അസഹ്യഗന്ധം സഹിച്ച്‌...
പുഷ്പചക്രങ്ങളുടെ ഭാരം പേറി....

അന്നവനോട്‌ ഉറക്കെ പറയണമെന്ന്‌ തോന്നി....

മയില്‍പീലി അത്മബന്ധത്തിന്റെ
പ്രതീകമാണെന്ന്‌....

എന്റെ പ്രിയപ്പെട്ട ഈ മയില്‍പീലിതുണ്ട്‌...
ഇനിയും എഴുതണം...
സ്വപ്നങ്ങള്‍ക്കും യാഥാര്‍ഥ്യങ്ങളും
അപ്പുറത്ത്‌ നിന്ന്‌...

December 12, 2006 1:22 PM  
Blogger Peelikkutty!!!!! said...

ഞാനിപ്പോഴും ഓര്‍ക്കുന്നു..ആരും കാണാണ്ട് മെല്ലെ പുസ്തകം തൊറന്നു നോക്കിയ എന്നെ..അരിമണികളിട്ടു കൊടുത്ത് വളര്‍ത്താന്‍ ശ്രമിച്ച പീലിക്കുട്ടികളെ..

December 12, 2006 10:26 PM  
Blogger Sona said...

ചന്ദു..സോനയെ നോക്കിയാലും മനസ്സിലാവും അല്ലെ!

December 13, 2006 5:53 AM  
Blogger Kiranz..!! said...

എല്ലാടത്തും പീലിപ്പിള്ളേര്‍ ആണല്ലോ ? :) എന്നാലും സോനക്കുട്ടീ..മനസിലായല്ലോ ചേട്ടന്മാര്‍ പാവങ്ങളാണെന്ന്..എന്റെ അനിയത്തിക്കുട്ടിക്കും ഇതേ രോഗമാരുന്നു.പീലി,മഷിത്തണ്ട്,മഞ്ചാടിക്കുരു..:)

qw_er_ty

December 13, 2006 6:11 AM  
Blogger Sona said...

ദ്രൌപതി പറഞതു സത്യമാണ്..മയില്‍പ്പീലി സൗഹൃദത്തിന്റെ പ്രതീകമാണ്,മാനം കാണിക്കാതെ ഒളിച്ചുവച്ച് , പറയാന്‍ കഴിയാതെ കഴിയാതെ പോയ നീറുന്ന പ്രണയത്തിന്റെ പ്രതീകമാണ്, മനസ്സിന്റെ വിങ്ങലാണ്..അത്മബന്ധത്തിന്റെ പ്രതീകമാണ്,ആത്മാവാണ്,ആത്മപുസ്തകത്തിലെ മായാത്ത വര്‍ണത്തിന്റെ പ്രതീകമാണ്...
എന്ന് സ്വന്ദം
മയില്‍പീലിതുണ്ട്..

December 13, 2006 6:22 AM  
Blogger Sona said...

പീലിക്കുട്ടിക്കുട്ടിയെ ആരാതുറന്നുവിട്ടത്?ആ...മനസ്സിലായി..ആളിലാത്ത തക്കം പുറത്തുചാടിയതാ അല്ലെ..മഴ കാണാന്‍!!

December 13, 2006 6:38 AM  
Blogger Sona said...

കിരണ്‍..മയില്‍പ്പിലിയേയും,മാരിവില്ലിനേയും ഇഷ്ടപെടാത്തവരായി ആരും തന്നെ ഉണ്ടാവില്ല അല്ലെ?ചന്ദു പറഞ്ഞതുപോലെ ഈശ്വരന്‍ എത്രകഴിവുള്ള ഒരു artist ആണെന്നുള്ളതിന്റെ ഒരു ഉത്തമ ഉദാഹരണമല്ലെ ഇതെല്ലാം.

December 13, 2006 6:53 AM  
Anonymous കൊച്ചുഗുപ്തന്‍ said...

സോനയുടെ മയില്‍പ്പീലി പുരാണം പലരിലും ഗൃഹാതുരത്വം ഉണര്‍ത്തി എന്നുള്ളതുതന്നെ, വിവരണം നന്നായി എന്നതിനു തെളിവാണല്ലൊ.....


..പാര്‍വതി സൂചിപ്പിച്ചപോലെ അവസാനത്തെ ഭാഗം......ഇതുപോലെ ചില കാര്യങ്ങള്‍ 'മിത്ത്‌'ആയി തന്നെ ഓര്‍മ്മയില്‍ സൂക്ഷിയ്ക്കാനാണ്‌ മിക്കവരും ഇഷ്ടപ്പെടുന്നത്‌,അറിഞ്ഞുകൊണ്ടുതന്നെ....

..നന്ദി..

December 18, 2006 10:12 PM  
Blogger ഏറനാടന്‍ said...

വൈകിയാണേലും ഏതെല്ലാമോ വഴി വന്നിട്ടൊടുവില്‍ ഇവിടെ വന്നു; വായിച്ചു.

"തായാമ്പൂ വര്‍ണ്ണാ കണ്ണാ.."
ഏഴഴകുള്ള കാര്‍വര്‍ണ്ണന്റെ മുടിയിലെ അലങ്കാരമായ മയില്‍പീലിയുടെ സൗന്ദര്യം അതേ ശോഭയില്‍ നിലനിര്‍ത്തിയ ശൈലിയും വരികള്‍ക്കു ചാര്‍ത്തിയ നിറഭേതങ്ങളും രസമായിട്ടുണ്ട്‌.
ഇനിയുമിനിയും മയില്‍പീലീവിശേഷങ്ങള്‍ പ്രതീക്ഷിക്കട്ടെ...

December 19, 2006 9:08 PM  
Blogger Sona said...

വായിച്ച്, അഭിപ്രായം എഴുതി അറിയിച്ചതിനു കൊച്ചു ഗുപ്തനും നന്ദി.പബ്ലിഷ് ചെയ്ത ശേഷം എനിക്കും തോന്നിയതാ ബൊള്‍ട് ചെയ്യേണ്ടായിരുന്നു എന്ന്.

December 22, 2006 11:50 AM  
Blogger Sona said...

ഏറനാടാ..ഇത്തിരി വൈകിയാലും വഴിതെറ്റാതെ ഇങ്ങ് എത്തിയല്ലൊ..അതുമതി..

ഇങ്ങനെ പുകഴ്ത്തി എന്നെ ഒരു അഹംങ്കാരിയാക്കല്ലെ!! പ്ലീസ്....

December 22, 2006 11:57 AM  
Blogger Anoop Abraham said...

വളരെ വൈകി അണെകിലും വായിച്ചു... നന്നായിട്ടുണ്ട് ....

ആരാണയാള്‍ ?????

March 21, 2007 4:22 PM  

Post a Comment

Links to this post:

Create a Link

<< Home