Wednesday, June 13, 2007

മഴ

മഴ മനസ്സിന്റെ തന്ത്രികളെ തൊട്ടുണര്‍ത്തുന്ന ദേവസംഗീതമാണ്..ആത്മാവിന്റെ സ്പന്ദന താളമാണ്...ഉള്ളിലുറഞ്ഞ വികാരങ്ങളുടെ ഉള്ളമറിഞ്ഞ പ്രതിഭാസമാണ്...നേര്‍ത്ത നുലിഴകളില്‍ ആടിതിമര്‍ക്കും കൂത്തുപാവകള്‍ക്കും ആശ്വാസം മഴ തന്നെ. തീക്ഷണമായ സ്വപ്നങ്ങള്‍ക്കു തീര്‍ത്ഥമാണീ മഴ , മിഴികളില്‍ നിന്നും അശ്രുക്കളായി തോരാതെ പെയ്തിറങ്ങുന്നതും ഇതേ മഴ തന്നെയാണ്.മഴ വിരഹത്തിന്റെ കണ്ണുനീര്‍ ആണ്..ഏകാന്തതയിലെ താരാട്ടാണ്...സ്വാന്ത്വനത്തിന്റെ തൂവല്‍ സ്പര്‍ശമാണ്.

വികാരാര്‍ദ്രയായി മയങ്ങുന്ന ഭൂമിയിലേക്ക്‌ ഉണര്‍ത്തുപാട്ടായി പൊഴിയുന്ന ജലകണങ്ങള്‍ക്ക് മോഹനരാഗത്തിന്റെ വശ്യതയുണ്ട്... വീണ്ടും ഒരു വര്‍ഷകാലത്തിന്റെ ആരവം നാട്ടുമ്പുറവും നഗരവുമെന്നില്ലാതെ കടന്നുപോകുമ്പോള്‍...ഓര്‍മ്മകള്‍ സഞ്ചരിക്കുന്നത്‌ ബാല്യകാലത്തിന്റെ ഇടനാഴികകളിലേക്കാണ്‌... മുറിയില്‍ ഇരുട്ട് പരത്തി മേഘങ്ങള്‍ മാനത്ത്‌ പ്രത്യക്ഷപ്പെടുന്നതും നോക്കി ഉമ്മറത്ത്‌ കുത്തിയിരിക്കാറുള്ള ഒരു കുഞ്ഞുടുപ്പുകാരി...കടലാസുതോണികള്‍ക്കായി വാശി പിടിച്ച്‌ കരഞ്ഞ്‌ അമ്മുമ്മയെ ശല്യപ്പെടുത്താറുള്ള അവള്‍ക്ക്‌ മഴ എന്നും കൗതുകമായിരുന്നു.... കടല്‍വെള്ളമാണ്‌ മഴയായി പൊഴിയുന്നതെന്ന പഠിച്ച ആദ്യപാഠത്തില്‍ നിന്നും ഒരു പ്രവാസിയായി പിന്നീട് നാട്ടില്‍ നിന്നകലുമ്പോഴും തിമര്‍ത്തുപെയ്യുന്ന ഗ്രാമത്തിന്ററെ ഓര്‍മ്മകള്‍ ഇന്നും വേട്ടയാടുന്നുണ്ട്‌...ആ ബാല്യം ഒരിക്കല്‍ കൂടിയൊന്ന്‌ തിരിച്ചു കിട്ടിയിരുന്നെങ്കില്‍...നിറഞ്ഞുകവിഞ്ഞൊഴുകുന്ന പാടത്തിന്റെ ഓരത്ത്‌ കൗതുകം നിറഞ്ഞ മിഴികളോടെ വര്‍ണകുടയുമായി, നില്‍ക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍... പൂക്കളോടും, പൂമ്പാറ്റയോടും, പൂതുമ്പിയോടും, കിന്നാരം പറയാന്‍‍ കഴിഞ്ഞിരുന്നുവെങ്കില്‍...തോരാതെ പെയ്യുന്ന രാത്രി മഴയുടെ നേര്‍ത്ത സംഗീതവും കാതോര്‍ത്ത്, രാവുമുഴുവന്‍ ജനാലയോട് മുഖം ചേര്‍ത്തിരിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍!!

അമ്മുമ്മയുടെ പഴങ്കഥഭാണ്ഡം തുറന്നാല്‍ ഒരുപാട്‌ മഴക്കഥകള്‍ പുറത്തുവരുമായിരുന്നു...ചിലതെല്ലാം കേള്‍ക്കുമ്പോള്‍ വല്ലാത്ത സങ്കടം തോന്നും. മഴയില്‍ വീട്‌ നഷ്ടപ്പെട്ട ചേന്നന്റെ കഥയെല്ലാം അതില്‍ ചിലതു മാത്രം...പടിപ്പുരയില്‍ പ്ലാസ്റ്റിക്‌ കവറുകള്‍ തലയിലിട്ട്‌ പ്രതിക്ഷയോടെ അകത്തേക്ക്‌ നോക്കി നില്‍ക്കുന്ന നീലിയും കുട്ട്യോളുമൊക്കെ ഇന്നെവിടെയാകും...അമ്മുമ്മ വന്ന്‌ അവരെ അകത്തേക്ക്‌ വിളിച്ചുകൊണ്ടുവരുമെങ്കിലും ആ കുട്ട്യോളോട്‌ കൂട്ടുകൂടാനൊന്നും അമ്മുമ്മ ‍ സമ്മതിക്കില്ല... അവരെല്ലാം ചീത്തയാണത്രെ...നനഞ്ഞ ഉടുപ്പുകള്‍ മാറ്റാനില്ലാതെ എല്ലുന്തിയ കഴുത്തും കുഴിഞ്ഞ കണ്ണുകളുമായി ചായ്പ്പിന്റെ ഒഴിഞ്ഞ കോണില്‍ ഇരിക്കാറുള്ള അവരെ ഉമ്മറത്തെ ജനാലയിലൂടെ നോക്കിയിരിക്കുമ്പോള്‍ മനസ്സ് എന്തിനെന്നറിയാതെ അസ്വസ്തമാവുമായിരുന്നു. എന്താണ്‌ ദാരിദ്ര്യമെന്നും എന്താണ്‌ മഴക്കെടുതികളെന്നും തിരിച്ചറിയാത്ത ഒരു കാലം.....പക്ഷേ, അന്നും ഇന്നും മഴ ഒരുപാടിഷ്ടമായിരുന്നു.. വറ്റിവരണ്ട വറുതിക്കാലത്ത്‌ നിന്നും ആര്‍ദ്രതയിലേക്ക്‌ നമ്മെ പറിച്ചു നടുന്ന മഴയെ എങ്ങനെ വെറുക്കാനാകും...പുറത്തിറങ്ങാനാകാത്ത വിധം മഴ പൊഴിയുമ്പോള്‍ തണുപ്പും ഉള്ളിലെ ചൂടും ഓര്‍മ്മകളിലേക്ക്‌ തന്നെയാണ്‌ പറന്നുപോകാറുള്ളത്‌... തുളസിത്തറയില്‍ വിളക്കുകത്തിക്കാനാകാതെ ഉമ്മറത്ത്‌ സന്ധ്യാദീപം കൊളുത്തി പിന്‍തിരിയുമ്പോള്‍ അമ്മുമ്മ പിടിച്ചിരുത്തും... ഇത്‌ രാമായണമാസാത്രെ...ആ പഴയ ഗന്ധം തങ്ങി നില്‍ക്കുന്ന പുസ്തകത്തിലെ ഈരടികള്‍ ഈണത്തില്‍ അവര്‍ പാടുന്നതും നോക്കി ഇമയനക്കാതെ നില്‍ക്കും...മഴ തോര്‍ന്ന സായന്തനങ്ങളില്‍ കൃഷ്ണന്റെ അമ്പലത്തില്‍ പോകും..പുഴക്കരയിലൂടെ നടക്കുമ്പോള്‍ വല്യമ്മാമയുടെ വിരലില്‍ തൂങ്ങിയാവും എന്റെ യാത്ര...കുതിച്ചൊഴുകുന്ന ആ പുഴയിലാണ്‌ നന്ദിനിക്കുട്ടി ഒഴുകിപോയത്‌...പുഴയുടെ ആത്മാവിലേക്കമര്‍ന്ന്‌ പോയ അവളെ പിന്നീട്‌ ഒരിക്കലും കണ്ടിട്ടേയില്ല... ഇനി മഴയുടെ കൗമാരമുണ്ട്‌..യൗവനമുണ്ട്‌...പക്ഷേ..ചിതറിവീണ ജലത്തുള്ളികള്‍ പോലെ അവ ശിഥിലമാണെന്ന്‌ മാത്രം....