Friday, December 02, 2011

വ്യര്‍ത്ഥസാഗരം


എനിക്കെന്നും കടലായിരുന്നു നീ
വിസ്മയം ഉണര്‍ത്തിയ,
നിഗൂഢത സൂക്ഷിക്കുന്ന,
ശാന്തമായി ഒരായിരം തിരകളെ
ഉള്ളിലൊളിപ്പിച്ച് ഉറങ്ങുന്ന കടല്‍
അവക്ക് നേരെ മുഖം തിരിച്ച്
നിന്നിലേക്ക് മാത്രമായി
ഒഴുകിക്കൊണ്ടിരുന്നു ഞാന്‍...

കനലെരിയും വാക്കുകളാല്‍
ഹൃദയത്തില്‍ നീ കോറിയിട്ട
പാതി മുറിഞ്ഞ പരിഭവങ്ങള്‍ക്ക്
പ്രണയത്തിന്റെ നിറമായിരുന്നുവെന്നും,
എന്നിലേക്ക് പെയ്തിറങ്ങിയ ഏഴ് നിറമുള്ള മഴ
നീയായിരുന്നുവെന്നും ഞാന്‍ തിരിച്ചറിയുന്നു...

ഒടുവില്‍,
നിന്റെ മൂര്‍ച്ചയേറിയ തിരകളില്‍
ഞാന്‍ കീറിമുറിക്കപ്പെടുമ്പോഴും
നീ ശാന്തമായി ഉറങ്ങുകയായിരുന്നു
ആഴമേറിയ നിന്നിലേക്കുള്ള യാത്രയില്‍
ഇനി തിരിച്ചുവരവില്ലെന്ന സത്യം ബാക്കിയാവുന്നു.
എനിക്കും നിനക്കുമിടയില്‍
അവ്യക്തമായ ഒരു മൂടുപടം മിഴികള്‍ക്ക്
മറയിട്ടു അലിഞ്ഞില്ലാതാവുന്നു...

Labels:

Wednesday, June 13, 2007

മഴ

മഴ മനസ്സിന്റെ തന്ത്രികളെ തൊട്ടുണര്‍ത്തുന്ന ദേവസംഗീതമാണ്..ആത്മാവിന്റെ സ്പന്ദന താളമാണ്...ഉള്ളിലുറഞ്ഞ വികാരങ്ങളുടെ ഉള്ളമറിഞ്ഞ പ്രതിഭാസമാണ്...നേര്‍ത്ത നുലിഴകളില്‍ ആടിതിമര്‍ക്കും കൂത്തുപാവകള്‍ക്കും ആശ്വാസം മഴ തന്നെ. തീക്ഷണമായ സ്വപ്നങ്ങള്‍ക്കു തീര്‍ത്ഥമാണീ മഴ , മിഴികളില്‍ നിന്നും അശ്രുക്കളായി തോരാതെ പെയ്തിറങ്ങുന്നതും ഇതേ മഴ തന്നെയാണ്.മഴ വിരഹത്തിന്റെ കണ്ണുനീര്‍ ആണ്..ഏകാന്തതയിലെ താരാട്ടാണ്...സ്വാന്ത്വനത്തിന്റെ തൂവല്‍ സ്പര്‍ശമാണ്.

വികാരാര്‍ദ്രയായി മയങ്ങുന്ന ഭൂമിയിലേക്ക്‌ ഉണര്‍ത്തുപാട്ടായി പൊഴിയുന്ന ജലകണങ്ങള്‍ക്ക് മോഹനരാഗത്തിന്റെ വശ്യതയുണ്ട്... വീണ്ടും ഒരു വര്‍ഷകാലത്തിന്റെ ആരവം നാട്ടുമ്പുറവും നഗരവുമെന്നില്ലാതെ കടന്നുപോകുമ്പോള്‍...ഓര്‍മ്മകള്‍ സഞ്ചരിക്കുന്നത്‌ ബാല്യകാലത്തിന്റെ ഇടനാഴികകളിലേക്കാണ്‌... മുറിയില്‍ ഇരുട്ട് പരത്തി മേഘങ്ങള്‍ മാനത്ത്‌ പ്രത്യക്ഷപ്പെടുന്നതും നോക്കി ഉമ്മറത്ത്‌ കുത്തിയിരിക്കാറുള്ള ഒരു കുഞ്ഞുടുപ്പുകാരി...കടലാസുതോണികള്‍ക്കായി വാശി പിടിച്ച്‌ കരഞ്ഞ്‌ അമ്മുമ്മയെ ശല്യപ്പെടുത്താറുള്ള അവള്‍ക്ക്‌ മഴ എന്നും കൗതുകമായിരുന്നു.... കടല്‍വെള്ളമാണ്‌ മഴയായി പൊഴിയുന്നതെന്ന പഠിച്ച ആദ്യപാഠത്തില്‍ നിന്നും ഒരു പ്രവാസിയായി പിന്നീട് നാട്ടില്‍ നിന്നകലുമ്പോഴും തിമര്‍ത്തുപെയ്യുന്ന ഗ്രാമത്തിന്ററെ ഓര്‍മ്മകള്‍ ഇന്നും വേട്ടയാടുന്നുണ്ട്‌...ആ ബാല്യം ഒരിക്കല്‍ കൂടിയൊന്ന്‌ തിരിച്ചു കിട്ടിയിരുന്നെങ്കില്‍...നിറഞ്ഞുകവിഞ്ഞൊഴുകുന്ന പാടത്തിന്റെ ഓരത്ത്‌ കൗതുകം നിറഞ്ഞ മിഴികളോടെ വര്‍ണകുടയുമായി, നില്‍ക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍... പൂക്കളോടും, പൂമ്പാറ്റയോടും, പൂതുമ്പിയോടും, കിന്നാരം പറയാന്‍‍ കഴിഞ്ഞിരുന്നുവെങ്കില്‍...തോരാതെ പെയ്യുന്ന രാത്രി മഴയുടെ നേര്‍ത്ത സംഗീതവും കാതോര്‍ത്ത്, രാവുമുഴുവന്‍ ജനാലയോട് മുഖം ചേര്‍ത്തിരിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍!!

അമ്മുമ്മയുടെ പഴങ്കഥഭാണ്ഡം തുറന്നാല്‍ ഒരുപാട്‌ മഴക്കഥകള്‍ പുറത്തുവരുമായിരുന്നു...ചിലതെല്ലാം കേള്‍ക്കുമ്പോള്‍ വല്ലാത്ത സങ്കടം തോന്നും. മഴയില്‍ വീട്‌ നഷ്ടപ്പെട്ട ചേന്നന്റെ കഥയെല്ലാം അതില്‍ ചിലതു മാത്രം...പടിപ്പുരയില്‍ പ്ലാസ്റ്റിക്‌ കവറുകള്‍ തലയിലിട്ട്‌ പ്രതിക്ഷയോടെ അകത്തേക്ക്‌ നോക്കി നില്‍ക്കുന്ന നീലിയും കുട്ട്യോളുമൊക്കെ ഇന്നെവിടെയാകും...അമ്മുമ്മ വന്ന്‌ അവരെ അകത്തേക്ക്‌ വിളിച്ചുകൊണ്ടുവരുമെങ്കിലും ആ കുട്ട്യോളോട്‌ കൂട്ടുകൂടാനൊന്നും അമ്മുമ്മ ‍ സമ്മതിക്കില്ല... അവരെല്ലാം ചീത്തയാണത്രെ...നനഞ്ഞ ഉടുപ്പുകള്‍ മാറ്റാനില്ലാതെ എല്ലുന്തിയ കഴുത്തും കുഴിഞ്ഞ കണ്ണുകളുമായി ചായ്പ്പിന്റെ ഒഴിഞ്ഞ കോണില്‍ ഇരിക്കാറുള്ള അവരെ ഉമ്മറത്തെ ജനാലയിലൂടെ നോക്കിയിരിക്കുമ്പോള്‍ മനസ്സ് എന്തിനെന്നറിയാതെ അസ്വസ്തമാവുമായിരുന്നു. എന്താണ്‌ ദാരിദ്ര്യമെന്നും എന്താണ്‌ മഴക്കെടുതികളെന്നും തിരിച്ചറിയാത്ത ഒരു കാലം.....പക്ഷേ, അന്നും ഇന്നും മഴ ഒരുപാടിഷ്ടമായിരുന്നു.. വറ്റിവരണ്ട വറുതിക്കാലത്ത്‌ നിന്നും ആര്‍ദ്രതയിലേക്ക്‌ നമ്മെ പറിച്ചു നടുന്ന മഴയെ എങ്ങനെ വെറുക്കാനാകും...പുറത്തിറങ്ങാനാകാത്ത വിധം മഴ പൊഴിയുമ്പോള്‍ തണുപ്പും ഉള്ളിലെ ചൂടും ഓര്‍മ്മകളിലേക്ക്‌ തന്നെയാണ്‌ പറന്നുപോകാറുള്ളത്‌... തുളസിത്തറയില്‍ വിളക്കുകത്തിക്കാനാകാതെ ഉമ്മറത്ത്‌ സന്ധ്യാദീപം കൊളുത്തി പിന്‍തിരിയുമ്പോള്‍ അമ്മുമ്മ പിടിച്ചിരുത്തും... ഇത്‌ രാമായണമാസാത്രെ...ആ പഴയ ഗന്ധം തങ്ങി നില്‍ക്കുന്ന പുസ്തകത്തിലെ ഈരടികള്‍ ഈണത്തില്‍ അവര്‍ പാടുന്നതും നോക്കി ഇമയനക്കാതെ നില്‍ക്കും...മഴ തോര്‍ന്ന സായന്തനങ്ങളില്‍ കൃഷ്ണന്റെ അമ്പലത്തില്‍ പോകും..പുഴക്കരയിലൂടെ നടക്കുമ്പോള്‍ വല്യമ്മാമയുടെ വിരലില്‍ തൂങ്ങിയാവും എന്റെ യാത്ര...കുതിച്ചൊഴുകുന്ന ആ പുഴയിലാണ്‌ നന്ദിനിക്കുട്ടി ഒഴുകിപോയത്‌...പുഴയുടെ ആത്മാവിലേക്കമര്‍ന്ന്‌ പോയ അവളെ പിന്നീട്‌ ഒരിക്കലും കണ്ടിട്ടേയില്ല... ഇനി മഴയുടെ കൗമാരമുണ്ട്‌..യൗവനമുണ്ട്‌...പക്ഷേ..ചിതറിവീണ ജലത്തുള്ളികള്‍ പോലെ അവ ശിഥിലമാണെന്ന്‌ മാത്രം....

Thursday, March 08, 2007

മൌനനൊമ്പരം


വിണ്ണിലെ മഷിക്കൂട്ട് പടര്‍ന്നുവോ ഉള്ളത്തില്‍
പിശടന്‍കാറ്റിനാല്‍ അലോസരപ്പെടുന്നുവോ അന്തരംഗം..
പെയ്തൊഴിയാന്‍ വെമ്പുമീ മേഘശകലങ്ങള്‍
തുളുമ്പാതെ വിങ്ങും അശ്രുക്കള്‍ അല്ലയോ..

സ്വനതന്തുവില്‍ കുരുങ്ങുമീ ഗദ്ഗദം
പിടയുന്നൊരാത്മാവിന്‍ തേങ്ങല്‍ അല്ലയോ...
നിമിഷങ്ങള്‍ എന്നില്‍ ശവമഞ്ചമൊരുക്കുമ്പോള്‍
ഭ്രാന്തമായ് നിശബ്ദദയായ് മാറുന്നു ഓര്‍മ്മകള്‍...

Wednesday, February 28, 2007

എന്റെ പോട്ടോസാ...

ഞാനാ.....കിട്ടു, നിങ്ങളെ ഒക്കെ ഒന്ന് കാണാന്‍ വന്നതാ..
ഡോണ്ട് ഡിസ്റ്റ്ര്‍ബ് മീ ആ.......
ഞാന്‍ സുന്ദരനല്ലെ?!
ഈ പോസ് കൊള്ളാമോ?!

കിട്ടുവാവ


ഞാനാ “കിട്ടുവാവ“..ഈ പ്രായത്തിലാ ഞാന്‍ ഈ ഫാമിലിയില്‍ മെംബര്‍ ആയത്.

Tuesday, February 06, 2007

രണ്ടിലൊന്നു തിരുമാനിച്ചു തന്നെ...

ഇന്നു രണ്ടിലൊന്നു തീരുമാനിച്ചു തന്നെ ബാക്കി കാര്യം..ഇങ്ങ് വരട്ടെ കൊഞ്ചാനും കിന്നരിക്കാനും..ഇവിടൊരാള്‍ സ്റ്റിക് പോലെ സ്റ്റാന്‍ഡാന്‍ തുടങ്ങിയിട്ട് നേരമെത്രയായിന്നു വല്ല വിചാരവും അവള്‍ക്കുണ്ടോ? ഈ ഉള്ള്വനു വേരുവന്നതു മിച്ചം...അല്ലെങ്കിലും ഈയിടെയായി ഞാനും ചിലതെല്ലാം കാണുന്നുണ്ട്..അവളുടെ ചില പോക്കിരികൂട്ടുകെട്ടുകള്‍!വേണ്ടാ..പറയേണ്ടാന്നു കരുതുബോള്‍ കൂടി കുടി വരികയാണ്..ഓന്ത് ഓടിയാല്‍ വേലിവരെന്നല്ലെ...കറങ്ങിതിരിഞ്ഞു ഇങ്ങ് എത്തിക്കോളും.. അവള്‍ക്കു തോന്നുബോള്‍ മാത്രം മിണ്ടാനും,കൂട്ടുകുടാനും,ഞാനെന്താ ഒരു പ്രൈസ് ലെസ്സ് ക്ക്രീച്ചര്‍ ആണൊ?ഒന്നുമില്ലെങ്കിലും അവളുടെ ഹ്രദയം സ്വന്തമാക്കിയവനല്ലെ..ആ ഒരു വിചാരമെങ്കിലും വേണ്ടെ... പുറത്തുപോവുംബോള്‍ ഒരു വാക്ക്..(ഈ നീണ്ടചെവി കൂര്‍പ്പിച്ചത് വേസ്റ്റ്) വാക്കിങ്ങിനു കൊണ്ടു പോയില്ലെങ്കിലും ഒരു വാം ഹഗ്..അത്രയല്ലെ ഈ ഉള്ളവന്‍ കൊതിച്ചുള്ളു. ഹും..ഗ്ലോബല്‍ വില്ലേജില്‍ പോയതാണത്രെ! ത്രക്കാല്‍ വച്ചപ്പോഴെ പെരുമഴ..(ഏതെങ്ങിലും ഒരു ഇടിത്തീയ്ക്ക് ചുമ്മാ ആ മുര്‍ദ്ദാവില്‍ ഒന്നു കിസ്സ് ചെയ്യായിരുന്നില്ലെ..) ച്ഛെ.. വെറുതെ പ്രതീക്ഷിച്ചു!!നനഞ്ഞു കുതിര്‍ന്നു കാറില്‍ ഓടി കയറിയപ്പോള്‍ റോഡ് ബ്ലോക്കാണത്രേ..2മണിവരെ കാറില്‍ ഇരുന്ന് ആ ഇരുപ്പ്..ഹൊ..കാണേണ്ടതായിരുന്നു!!വീട്ടില്‍ എത്തിയ നേരം 3.30...ഈ ഉള്ളവന്‍ വല്ലതും കഴിച്ചുവൊന്നൊരു ചോദ്യം..ഉം.ഹും....ഒരുപോള കണ്ണടയ്ക്കതെ കാത്തിരുന്നതിന് ഒരു വിലയുമില്ലാതായി.. എന്നിട്ടിപ്പൊള്‍ പ്രഷ്ഠത്തില്‍ വെയിലുദിച്ചപ്പോള്‍ എണിറ്റ് വന്നിരുക്കുന്നു..അന്വേഷിക്കാന്‍..ഹും എന്റെ പട്ടിവരും...

ദേ വിളിക്കുന്നു കേട്ടില്ലെ..“കുട്ടാ...നീ എവിടെയാടാ..പിണങ്ങിയോടാ ചക്കരെ....”ഹും..ചക്കരയല്ല,പഞ്ചസാര..ഈയിടെയായി നിനക്കതിത്തിരി കൂടുന്നുണ്ട്...ഞാന്‍ ഇനി മിണ്ടൂലാ..‍ കൂടുലാ നിന്നൊട്...ഓ...ദേ വന്നല്ലൊ വനമാല....“ഓടിവാടാ കുട്ടാ...” ഇവള്‍ എന്റെ സോഫ്റ്റ് കോര്‍ണറിലേക്കു തന്നെയാണല്ലൊ ഈശ്വരാ...മിസൈല്‍ വിടുന്നത്...കാവിലമ്മേ...ഈയുള്ളവനു ശക്തി തരേണമേ....അവളുടെ കരവലയത്തിലുരുന്നു കുറുകുംബോള്‍ അവന്‍ അറിയാതെ ഒരു റ്റൈറ്റാനിക് സോങ് മൂളിപൊയ്...എവരിനൈറ്റ്.....

അവളുടെ മ്രദുലമായ തലോടലില്‍, വെയിലേറ്റ മഞുതുള്ളി കണക്കെ..എങ്ങോ പോയ് മറഞ്ഞു അവനിലെ ഒരായിരം പരിഭവങ്ങള്‍!!!

(ഈ കേട്ടതൊക്കെ എന്റെ മുയല്‍ കുട്ടന്റെ ചിന്ന പരിഭവങ്ങളാണേ.... അവനിങ്ങനെയാ.....എപ്പോഴും എന്നോട് ഇണങ്ങിയും,പിണങ്ങിയും ഇരിക്കും,എങ്കിലും ഞങ്ങള്‍ ബ്ലാക്ക് ഫോറസ്റ്റ് കേക്കും,പ്ലം പോലെയാണേ...)

Tuesday, January 16, 2007

നഷ്ടസിന്ദൂരം



അകലത്തില്‍ ഉറഞ്ഞുപോയ ഒരുപിടി ഓര്‍മ്മകളില്‍..
ഒരു തേന്‍തുള്ളിപോല്‍
ഇറ്റു വീഴുന്നു നിന്‍ പ്രണയസാന്ത്വനം
ഒരു വിതുമ്പലായ്...നേര്‍ത്ത തേങ്ങലായ്...
എന്നില്‍ അലിയുന്നു നിന്‍ സ്നേഹമര്‍മ്മരം

പിച്ചിപൂ ഗന്ധവുമായെത്തുമീ ഇളം തെന്നല്‍
പച്ചയായെന്‍ മുറിവുകളെ തഴുകിയുണര്‍ത്തുന്നു...
പൊഴിഞ്ഞു വീണ ഈ പാരിജാതം എന്നിലെ..
പൊലിഞ്ഞുപോയ കിനാക്കളെ തൊട്ടുണര്‍ത്തുന്നു

ആരായിരുന്നു എനിക്ക് നീ ?

ഒരു ഉത്തരമില്ലാ സമസ്യ!
ആത്മബന്ധ്ത്തിന്‍ പേരു ചൊല്ലി, അതിരുകളിടാന്‍‍..

ആഗ്രഹിച്ചില്ലെന്നതാകാം... നാം നമ്മളില്‍ കണ്ട സത്യവും

അതിരുകളില്ലാ..വിദൂരതയിലേക്കുള്ള നിന്‍ പാച്ചിലില്‍
ആത്മാവിന്‍ നഷ്ടം തിരിച്ചറിഞ്ഞീല ഞാന്‍
അന്ധനും...ബധിരനുമായ് നീയെന്ന മാത്രയില്‍
അടര്‍ന്നുപോയ് എന്നെന്നേയ്ക്കുമായ്...

എന്‍ സ്വപ്നങ്ങളിലെ ഏഴുവര്‍ണങ്ങള്‍....


Sunday, December 31, 2006

പുതുവത്സരാശംസകള്‍!!!


പൊയ്പോയ സ്മൃതി തന്‍ നേര്‍ത്ത നൊമ്പരപാടുമായി ...

പ്രതീക്ഷകള്‍ തന്‍ പൊന്‍ കിരണങ്ങളുമായി...

ആമോദത്തിന്‍ അലകളുമായി..

ആവേശ തിമര്‍പ്പിന്‍ ആരവങ്ങളാല്‍...

ആര്‍പ്പുവിളികളോടെ എതിരേല്‍ക്കാം..പുതുവര്‍ഷ പുലരിയെ...

എന്റെ എല്ലാ ബൂലോഗ കൂട്ടുകാര്‍ക്കും സന്തോഷവും, ഈശ്വാരാനുഗ്രഹവും,ആരോഗ്യവും, സമ്പല്‍സമൃദിയും നിറഞ്ഞ പുതുവത്സരാശംസകള്‍...

Friday, December 22, 2006

പെയ്തൊഴിയാതെ....

കാത്തിരിക്കുന്നു ഞാന്‍ കാതങ്ങള്‍ക്കപ്പുറം...
കാര്‍മുകില്‍വര്‍ണന്റെ രാധ....
ഓടക്കുഴല്‍വിളി കേള്‍ക്കുമ്പോഴെല്ലാം...
ഓടിയെത്താറുണ്ടിന്നും...ഞാന്‍..
ഓടിയെത്താറുണ്ടിന്നും...

നീലകടമ്പിന്‍ തണലിലിരുന്നു ഞാന്‍....
സ്വപ്നാംഗിതയായി..മയങ്ങിടുമ്പോള്‍
എന്തിന്‌ കണ്ണാ..വിളിച്ചുണര്‍ത്തി നീ...
വിട ചൊല്ലിയകലുവാനായിരുന്നോ...

കാലൊച്ച കേള്‍ക്കാനായി കാതോര്‍ത്തിരുന്നപ്പോള്‍...
നിശബ്ദനായി വന്നു നീ...ഒളിച്ചു നിന്നു...
ആശ്രയമറ്റു ഞാന്‍ തേടിയലഞ്ഞപ്പോള്‍...
വികൃതിയായി നീയെങ്ങോ പോയ്മറഞ്ഞു...

വിരഹാഗ്നിജ്വാലയില്‍ വെന്തുരുകുമ്പോഴും
സ്വപ്നമായ്‌ ചാരെ വരാഞ്ഞതെന്തെ...
നൊമ്പരപൊയ്കയില്‍ നീന്തി നിവര്‍ന്നപ്പോള്‍..
നിസംഗനായി നീ നിന്നതെന്തേ...

ആഗ്രഹതോണിയിലേറി ഞാന്‍ വന്നപ്പോള്‍‍ ‍
ചോരനെ പോലെ നീ പോയതെന്തെ...
കാത്തിരിക്കുന്നു ഞാന്‍ കാതങ്ങള്‍ക്കപ്പുറം....
കാര്‍മുകില്‍വര്‍ണന്റെ രാധ...
ഓടക്കുഴല്‍വിളി കേള്‍ക്കുമ്പോഴെല്ലാം...
ഓടിയെത്താറുണ്ടിന്നും...ഞാന്‍
ഓടിയെത്താറുണ്ടിന്നും.......

Tuesday, December 05, 2006

മയില്‍പീലിയുടെ സന്താന ഭാഗ്യം

അഞ്ചാം ക്ലാസ്സില്‍ പഠിക്കുംബോഴായിരുന്നു എന്റെ ആദ്യാനുരാഗം!കഥാപാത്രം നമ്മുടെ മയില്‍പീലി തന്നെ.മാനം കാണിക്കാതെ ഒളിച്ചുവച്ചാല്‍ മയില്‍പീലി ഒത്തിരി പീലിവാവകളെ തരുമെന്നു ആരോ പറഞ്ഞതു മനസ്സിലുണ്ടായിരുന്നു. അങ്ങനെ എന്റെ ഈ ആദ്യാനുരാഗത്തെ മാനം കാണിക്കാതെയും, മാലോകര്‍ കാണാതെയും, ഞാന്‍ ഒരു നോട്ടുബുക്കിനുള്ളിലാക്കി സുക്ഷിച്ചു വച്ചു. മാനം കാണിക്കാതെ ഒളിച്ചു വച്ചെങ്കിലും, എന്റെ മയില്‍പീലിയെ എനിക്കുകാണാതിരിക്കാന്‍ വയ്യ.ഇരിക്കാനും കിടക്കാനും കഴിയാതെ, ഊതിവീര്‍ത്ത്‌ ബലൂണ്‍ കണക്കെ പൊട്ടുമെന്ന ഒരു അവസ്ഥയിലായപ്പോള്‍ ആരും കാണാതെ മുറിയില്‍ കയറി,ജനാലയും വാതിലും ഒക്കെ ഭദ്രമായി അടച്ചു, പുസ്തകതാളില്‍ ഒളിച്ചിരിക്കുന്ന മയില്‍പീലിയെ ഞാന്‍ കണ്‍ കുളിര്‍ക്കെ കണ്ടു..ഇന്നല്ലെങ്കില്‍ നാളെ എന്റെ പ്രതീക്ഷകള്‍ പൂവണിയുന്നതും സ്വപ്നം കണ്ട് ഇടയ്കിടയ്കു എന്റെ ഈ പരിശോധന തുടര്‍ന്നു കൊണ്ടേ ഇരുന്നു... ഒന്നല്ല,പത്തല്ല,നൂറു ദിവസം കഴിഞ്ഞാലും എനിക്കു "ത്രണം,പുല്ലു, ഗ്രാസ്സാ"..എന്ന മട്ടില്‍ എന്റെ മയില്‍പീലിയും!
ഇതിനിടയ്കു മുറിയടച്ചു ഇവള്‍ക്കെന്താണൊരു ചുറ്റിക്കളി?!എങ്കില്‍ പിന്നെ അതു കണ്ടുപ്പിടിച്ചിട്ടു തന്നെ ബാക്കി കാര്യം എന്നുറപ്പിച്ചു എന്റെ "സി ബി ഐ" സഹോദരന്മാര്‍ പാത്തും പതുങ്ങിയും എന്റെ പിറകെ കൂടി.ഞാന്‍ കൂടുതല്‍ ജാഗരൂപയായി..ഈ രഹസ്യം അവരെങ്ങാന്‍ അറിഞ്ഞാല്‍ എന്റെ മയില്‍പീലി മാനം മാത്രമല്ല "മാറാടു" വരെ കണ്ടു വന്നേയ്കും!
അങ്ങനെ മാസങ്ങള്‍ കടന്നുപോയി, പീലികുട്ടികള്‍ എന്നതു എന്റെ "ഒരിക്കലും നടക്കാത്ത സുന്ദരമായ ഒരു സ്വപ്നം" ആയി തന്നെ നിലകൊണ്ടു.എന്റെ പീലിയെ ആരെങ്കിലും മാനം കാണിച്ചിട്ടുണ്ടാവും എന്നു ചിന്തയില്‍, ചില സമയങ്ങളില്‍ ഞാന്‍ വല്ലാതെ VIOLENT ആയി,അങ്ങനെ ആശ നശിച്ചു നിരാശയില്‍ ഇരിക്കുന്ന ഒരു ദിവസം, പുസ്തകങ്ങള്‍ ഒതുക്കുന്നതിനിടയ്കു യാദ്ര് ശ്ചികമായാണു ഞാന്‍ അതു കണ്ടതു "എന്റെ മയില്‍പീലി ഇരട്ടകുട്ടികളുടെ അമ്മയായിരിക്കുന്നു". "രണ്ടു കുഞ്ഞു പീലികുട്ടികള്‍". ഞാന്‍ സന്തോഷംകൊണ്ടു തുള്ളിച്ചാടി.ഒറ്റയടിക്കു ട്വിന്‍സിനെയാണല്ലൊ എന്റെ പീലി എനിക്കു തന്നതു ഈശ്വരാ.. ലോകം മുഴുവന്‍ വിളിച്ചു കൂവാനുള്ള തത്രപാടിലായി..പക്ഷെ വീട്ടിലുള്ളവര്‍ക്കു മാത്രം പ്രത്യേകിച്ചു എന്റെ "സി ബി ഐ" സഹോദരങ്ങള്‍ക്കു വലിയ അശ്ചര്യമോ,സന്തോഷമോ ഒന്നും കണ്ടില്ല.എന്റെ തോന്നലാവുമെന്നു ഞാന്‍ ആശ്വസിച്ചു..“ചക്കയാണെങ്കില്‍ ചൂഴ്‌ന്നു നോക്കാം,പക്ഷെ ചേട്ടന്‍മാരെ ചൂലാന്‍ പറ്റില്ലല്ലൊ”!
പിന്നീടു സ്കൂളിലെ ഏതു മയില്‍പീലി ചര്‍ച്ചയിലും ഞാന്‍ വീറോടെ തന്നെ വാദിച്ചു,"മാനം കാണിക്കാതെ ഒളിച്ചു വച്ചാല്‍ ഏതു മയില്‍പീലിയും പ്രസവിക്കുമെന്നു"..വര്‍ഷങ്ങള്‍ കഴിഞ്ഞു ബയോളജി പ്രധാന വിഷയമായി എടുത്തു പഠിക്കുംബോഴും മയില്‍പീലിയുടെ സന്താനഭാഗ്യം ഉത്തരം കിട്ടാത്ത ഒരു സമസ്യ ആയി തന്നെ നിലകൊണ്ടു.അങ്ങനെ എന്റെ സി ബി ഐ സഹോദരന്മാര്‍ നല്ല decent ഉണ്ണികളായി വളര്‍ന്നു പന്തലിച്ചങ്ങനെ നില്‍ക്കുംബോഴാണ് ആ രഹസ്യത്തിന്റെ ചുരുളുകള്‍ അഴിയുന്നത്‌.അത്രയും കാലം ഞാന്‍ അരക്കിട്ടുറപ്പിച്ചിരുന്ന എന്റെ വിശ്വാസങ്ങള്‍ ദേ...ധിം തരികടതോം...
"മൂത്ത ചേട്ടന്‍ അനിയത്തികുട്ടിടെ സങ്കടം കണ്ടു സഹിക്ക വയ്യാതെ, സന്താന ഭാഗ്യമില്ലാത്ത എന്റെ മയില്‍പീലിക്കു രണ്ടു പീലി ഉണ്ണികളെ adopt ചെയ്തു സമ്മാനിച്ച്, പ്രശ്ന പരിഹാരം കണ്ടെത്തിയതായിരുന്നു എന്നു".!!!

പിന്നീടു എപ്പോഴൊ...ജീവിതത്തിന്റെ താളുകള്‍ മറഞ്ഞുപൊവുന്നതിനിടയില്‍,മനസ്സിന്റെ മണിചെപ്പില്‍ മാനം കാണിക്കാതെ "ഒരു മയില്‍പീലിതുണ്ടു" ഞാന്‍ ഒളിച്ചു വച്ചു. വസന്തവും,ശിശിരവും, വേനലും,വര്‍ഷവും വന്നുപൊയപ്പോഴും, എന്റെ സ്വപ്നങ്ങളും, മോഹങ്ങളുംകൊടുത്തു ഞാന്‍ കാവലിരുന്നു....
എന്തിനെന്നറിയാതെ...കാലങ്ങള്‍ പോവുന്നതറിയാതെ...ഇന്നും ഞാന്‍ കാത്തിരിക്കുന്നു.....

Wednesday, November 22, 2006

കണ്ടറിയാത്തവന്‍....

കണ്ണുള്ളപ്പോള്‍ കണ്ണിന്റെ കാഴ്ച അറയില്ല എന്ന ചൊല്ല് ഒരു പരമാര്‍ത്ഥമാണ്. നമ്മുടെ പ്രിയപ്പെട്ടവര്‍ കണ്ണെത്തും ദൂരത്തും,ക്കൈയെത്തും ദൂരത്തും,കാതോരത്തും ഒക്കെ ഉള്ളപ്പോള്‍‌ പലപ്പോഴും അവരുടെ സാമീപ്യം നമ്മളില്‍ ചെലുത്തുന്ന സ്വാധീനം എത്രമാത്രം ഉണ്ടെന്നു നമ്മളില്‍ പലരും അറിയാറില്ല,പക്ഷെ അവരുടെ താല്‍കാലികമായ വേര്‍പാടുപോലും താങ്ങാന്‍ കഴിയാതെ, തളര്‍ന്നു പോവുംമ്പോഴാണ് ആ യാധാര്‍ത്ഥ്യം നമ്മള്‍ മനസ്സിലാക്കുന്നതു.
“കണ്ടറിയാത്തവന്‍ കൊണ്ടേ അറിയൂ”..... എന്ന്...!!!

Monday, November 13, 2006

എന്റെ ആദ്യാക്ഷരം

മനസ്സിന്റെ മിഴിക്കോണിലെ മഷിക്കൂട്ടില്‍ മുക്കിയെടുത്ത ഒരു മയില്‍പ്പീലി തണ്ടെടുത്തു ഞാന്‍ എന്റെ ആദ്യാക്ഷരം കുറിക്കട്ടെ...
ഒരു തുടക്കകാരിയായ എന്നിലെ തെറ്റു കുറ്റങ്ങള്‍‌‍ സദയം പൊറുക്കണമെന്നൊരു മുന്‍‌കൂര്‍ ജാമ്യവുമായാണ് ഞാന്‍ നിങ്ങളുടെ മുന്നില്‍ എത്തുന്നത്‌. നിങ്ങള്‍ ആരാണെന്നൊ, എവിടെയാണെന്നോ അറിയാതെ, നിങ്ങളോടു കൂട്ടുകൂടാനും,കൊച്ചു വിശേഷങ്ങള്‍ പങ്കു വയ്കുവാനുമായി , ഈ കുടുംബത്തിലെ ഒരു അംഗമാകാനുള്ള കൊതിയോടെ ഞാന്‍ വന്നിരിക്കുകയാണ്......
പൂക്കളേയും,പൂങ്കാറ്റിനേയും,..പുഴകളേയും,കിളികളേയും,..
മഞ്ഞിനേയും,മഴയേയും ഇഷ്ടപ്പെടുന്ന... അമ്പലവും,ആല്‍ത്തറയും,ഈറങ്കാറ്റും,മഴയുടെ നേര്‍ത്ത സംഗീതവും,നനഞ്ഞമണ്ണിന്റെ ഗന്ധവും നഷ്ടബോധമുണര്‍ത്തുന്ന മനസ്സുമായി, സ്നേഹവും,നന്മയും നിറഞ്ഞ കുറെ ഹൃദയങ്ങളേയും പിരിഞ്ഞു ഈ മരുഭൂമിയില്‍ കഴിയുന്ന, 'ഒരു പ്രവാസി!. ആ ഓര്‍മകള്‍ക്കു തന്നെ എന്തൊരു സുഖം.....
"ഒരു മയില്‍പ്പീലി തലോടലിന്റെ സുഖം"...!!!